എട്ട് ദിവസം കൊണ്ട് 100 കോടി; ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് ലൂസിഫർ

മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ മലയാളസിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ ഇടംനേടി. ചിത്രം നൂറുകോടി ക്ലബിൽ ഇടം നേടിയത് റിലീസ് ചെയ്ത് വെറും എട്ടുദിവസങ്ങൾക്കുള്ളിലാണ് സിനിമയുടെ നിര്‍മാതാക്കളായ ആശീർവാദ് പ്രൊഡക്‌ഷൻസ് തന്നെയാണ് സിനിമയുടെ ആഗോള കളക്ഷൻ തുക സംബന്ധിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ആശീർവാദിന്റെ കുറിപ്പ്–

പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ “ലൂസിഫർ” എന്ന സിനിമ നൂറു കോടി ഗ്രോസ് കലക‌്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫിസിൽ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കലക്‌ഷൻ വിവരങ്ങൾ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങൾ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെഈ വൻ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങൾ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫർ’ നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങൾക്ക്. ഇന്ത്യൻ സിനിമ വ്യവസായം ഒന്നടങ്കം “ലൂസിഫറി”നെ ഉറ്റു നോക്കുന്ന ഈ വേളയിൽ, നമുക്ക് ഏവർക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.

എന്ന്, നിങ്ങളുടെ സ്വന്തം ടീം എൽ.

നൂറുകോടി കൂടാരത്തില്‍ ഇടം നേടിയ മൂന്നാമത്തെ ചിത്രമാണ് ലൂസിഫർ. ഇത് കൂടാതെ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ, നിവിൻ പോളി–റോഷന്‍ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഇതിൽ രണ്ട് സിനിമകളിൽ നായകനായ മോഹന്‍ലാല്‍ ഒന്നിൽ അതിഥിവേഷവും കൈകാര്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami