ചീഫ് ജസ്റ്റിസിനെതിരായ പരാതിയിലെ അന്വേഷണം; ജഡ്ജിമാര്‍ എതിര്‍പ്പ് അറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തിൽ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്‍റൻ നരിമാനും  ആഭ്യന്തര സമിതിക്ക് മുന്നിൽ നിലപാടെടുത്തെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീം കോടതി വാര്‍ത്താ കുറിപ്പ് ഇറക്കി.  ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്‍റൻ നരിമാനും സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയെ നേരിട്ട് കാണുകയോ പരാതി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സുപ്രീം കോടതി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിൽ പറയുന്നത്.

രണ്ട് ജഡ്ജിമാരും സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതിയിലെ ജഡ്ജിമാരെ നേരിൽ കണ്ടാണ് എതിർപ്പ് അറിയിച്ചതെന്നായിരുന്നു വാര്‍ത്ത. എന്നാൽ ഇതിനെ എതിര്‍ത്ത് ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ നേരത്തെ രംഗത്തെത്തിയിരുന്നു. ജഡ്ജിമാര്‍ക്ക് എതിര്‍പ്പ് ഉണ്ടെന്ന വാര്‍ത്ത വലിയ മാധ്യമ ശ്രദ്ധ നേടിയിട്ടും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുൻ കോടതി ജീവനക്കാരി സുപ്രീംകോടതിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‍ഡെ, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെയാണ് പരാതിക്കാരി ഹാജരായത്.  തന്‍റെ ഭാഗം കേൾക്കാത്ത സമിതിയിൽ വിശ്വാസമില്ലെന്നും ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതിയോട് സഹകരിക്കാനാകില്ലെന്നും യുവതി അറിയിച്ചിരുന്നു.

ജഡ്ജിമാരുടെ എതിര്‍പ്പ് വലിയ വാര്‍ത്തയാകുകയും അത് നിഷേധിച്ച് സുപ്രീം കോടതി വാര്‍ത്താ കുറിപ്പ് ഇറക്കുകയും ചെയ്തതോടെ കേസിന്‍റെ നടപടി ക്രമങ്ങൾ പിന്നെയും സങ്കീര്‍ണമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami