ബലാകോട്ട് പരാമര്‍ശം: മോദിക്ക് എട്ടാമതും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്

ദില്ലി: ബലാകോട്ട് മിന്നലാക്രമണത്തെ പരാമര്‍ശിച്ച് പ്രസംഗിച്ച സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് ദിവസം അഹമ്മദാബാദിൽ റോഡ് ഷോ നടത്തിയെന്ന പരാതിയിലും കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. എട്ടാമത്തെ പരാതിയിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. കഴി‌ഞ്ഞ ഏഴ് പരാതികളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

അതേസമയം എട്ടാമത്തെ പരാതിയില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ കമ്മീഷണർ അശോക് ലവാസ എതിർത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപാത പരമായ നിലപാടെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് അരോപണം ഉന്നയിക്കുന്നതിനിടെയാണ് വീണ്ടും കമ്മീഷന്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ടു ചോദിച്ചെന്ന കോണ്‍ഗ്രസിന്‍റെ പരാതിയിലും മോദിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീൻ ചിറ്റ് നല്‍കിയിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിക്ക് വിവാദപ്രസംഗങ്ങളിൽ തുടര്‍ച്ചയായി ക്ളീൻ ചിറ്റ് നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തിൽ എത്താനുള്ള കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ ഇല്ലെന്ന് കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി കോടതിഅറിയിച്ചിരുന്നു. ക്ളീൻ ചിറ്റ് നല്കാനുള്ള തീരുമാനത്തെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ഒരാളായ അശോക് ലവാസയെ തള്ളിയാണ് ഭൂരിപക്ഷ തീരുമാനപ്രകാരം ഉത്തരവ് തയ്യാറാക്കിയതെന്ന വിവരവും പുറത്തു വന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami