മധ്യപ്രദേശിൽ അട്ടിമറി നീക്കം തടയാൻ കോൺഗ്രസ്; എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമമെന്ന് കമൽനാഥ്

ഭോപ്പാൽ: 10 കോൺഗ്രസ് എംഎൽഎമാരെ പണവും പദവിയും വാഗ്‍ദാനം ചെയ്ത് ഒപ്പം ചേർക്കാൻ ശ്രമം നടക്കുന്നെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. പലവിധപ്രലോഭനങ്ങളുമായി ഫോൺകോളുകൾ വരുന്നുണ്ടെന്ന് എംഎൽഎമാർ തന്നെയാണ് തന്നോട് പറഞ്ഞതെന്നും കമൽനാഥ് പറഞ്ഞു. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും വിശ്വാസവോട്ട് തേടാൻ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ഗവ‍ർണർക്ക് കത്ത് നൽകിയതിന് പിറ്റേന്നാണ് കമൽനാഥിന്‍റെ പ്രതികരണം.

എക്സിറ്റ് പോളുകളെല്ലാം എൻഡിഎക്ക് നല്ല ഭൂരിപക്ഷം പ്രവചിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പിറ്റേന്ന് തന്നെ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ നിൽക്കുന്ന മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമം തുടങ്ങിയത്. ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും എപ്പോൾ വേണമെങ്കിലും വിശ്വാസവോട്ട് നേരിടാൻ തയ്യാറാണെന്നും കമൽനാഥ് വ്യക്തമാക്കിയിരുന്നു. അധികാരമേറ്റത് മുതൽ സർക്കാറിനെ അട്ടിമറിക്കാൻ ബി ജെ പി  ശ്രമിക്കുകയാണ്. ഞങ്ങൾക്ക് അത് പ്രശ്നമല്ല. ബിജെപിയുടെ പരാജയം മറയ്ക്കാനാണ് ഇത്തരം നീക്കങ്ങളെന്നും കമല്‍നാഥ് പറഞ്ഞു.

എല്ലാ എക്സിറ്റ് പോളുകളും എൻഡിഎ സർക്കാരിന് ഭൂരിപക്ഷം പ്രവചിച്ച് പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതെന്നതാണ് ശ്രദ്ധേയം. മധ്യപ്രദേശിൽ ശിവ്‍രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ 15 വർഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്. ഇവിടെ കോൺഗ്രസിന് എസ്‍പിയുടെയും ബിഎസ്‍പിയുടെയും പിന്തുണയുമുണ്ട്.

ആകെ 231 സീറ്റുകളിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 120 എംഎൽഎമാരുടെ പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്. പ്രതിപക്ഷമായ എൻഡിഎ സഖ്യത്തിന് ഇവിടെ 109 സീറ്റുകളാണുള്ളത്. കോൺഗ്രസിന് 113 സീറ്റുകൾ, ബിഎസ്‍പി 2, എസ്‍പി 1, സ്വതന്ത്രർ 4 എന്നിങ്ങനെയാണ് ഭരണപക്ഷമായ കോൺഗ്രസിന്‍റെ പിന്തുണ.

Leave a Reply

Your email address will not be published. Required fields are marked *

Bitnami