‘സർക്കാരിന് സമയം നൽകാം’: കശ്മീർ നിയന്ത്രണങ്ങളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

ദില്ലി: ജമ്മുകശ്മീരിലെ വാർത്താവിനിമയ നിയന്ത്രണങ്ങളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. എത്രകാലം കശ്മീരിൽ നിലവിലെ സാഹചര്യം തുടരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട് ചോദിച്ചു. കേന്ദ്രം എല്ലാ സാഹചര്യങ്ങളും പരിശോധിക്കുകയാണെന്നായിരുന്നു എജിയുടെ മറുപടി. അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര സർക്കാരിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ജസ്റ്റിസ് എ ആർ ഷാ അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് അരുൺ മിശ്ര, എം ആർ ഷാ, അജയ് റസ്തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ദിനംപ്രതി ജമ്മു കശ്മീരിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ഇതുവരെ ഒരു ജീവനും നഷ്ടമായിട്ടില്ലെന്നും സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ കുറയ്ക്കാൻ പ്രതിജ്ഞാബദ്ധമാണ് സർക്കാരെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ ഉറപ്പ് നൽകി.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കർഫ്യൂ നടപടികൾ ചോദ്യം ചെയ്ത് കൊണ്ട് രാഷ്ട്രീയ നിരീക്ഷകൻ തെഹ്സീൻ പൂനെവാല സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

വാർത്താവിനിമയ സംവിധാനങ്ങൾക്ക് മേലുള്ള സമ്പൂർണ്ണ നിരോധനം അംഗീകരിക്കാനാവില്ലെന്നും സ്കൂളുകളും, ആശുപത്രികളും, പൊലീസ് സ്റ്റേഷനുകളുമെങ്കിലും പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

സമാധാനാന്തരീക്ഷം നിലനിർത്താനായിരിക്കാം കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടതെന്ന് അംഗീകരിച്ച ജസ്റ്റിസ് അരുൺ മിശ്ര, എത്രനാൾ നിയന്ത്രണങ്ങൾ തുടരുമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട് ആരാഞ്ഞു.

സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഒരു ജീവൻ പോലും നിയന്ത്രണങ്ങൾ മൂലമോ സുരക്ഷ സംവിധാനങ്ങൾ മൂലമോ നഷ്ടപ്പെട്ടിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജില്ലാ മജിസ്ട്രേറ്റുമാർ അതാത് ജില്ലകളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും പ്രാദേശിക സ്ഥിതിയനുസരിച്ച് നിരോധനങ്ങൾ നീക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Bitnami