ചീഫ് ജസ്റ്റിസിന്‍റെ സ്ഥലം മാറ്റം; തമിഴ്നാട്ടില്‍ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കും

ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലുടനീളം ഇന്ന് അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ ഇന്ന് മനുഷ്യചങ്ങല തീര്‍ക്കും.

കഴി‌ഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ കവാടം ഉപരോധിച്ച് അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി അഭിഭാഷകര്‍ കൊളീജിയത്തിന് കത്ത് നല്‍കിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. കൊളീജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍ രമണി നൽകിയ നിവേദനവും തള്ളിയിരുന്നു. സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് താഹിൽ രമണി രാജി വച്ചെങ്കിലും രാജി കത്ത് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. രാജിക്കത്ത് നൽകിയ സാഹചര്യത്തിൽ ഇനി കോടതി നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നാണ് താഹിൽ രമണിയുടെ തീരുമാനം.

‌വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാൻ രണ്ട് ദിവസങ്ങൾക്ക് മുമ്പ് കൊളീജിയം തീരുമാനിച്ചത്. മേഘാലയ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും മാറ്റിയിരുന്നു. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽ രമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയത് വലിയ ചർച്ചയായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ 75 ജഡ്ജിമാരുള്ളപ്പോൾ മേഘാലയയിൽ മൂന്ന് പേർ മാത്രമാണ് ഉള്ളത്.

മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍ രമണിയാണ്. പതിനൊന്ന് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി.

Leave a Reply

Your email address will not be published. Required fields are marked *

Bitnami