ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ള്‍ യോ​ഗ്യ​ത: ഇ​ന്ത്യ​ക്കി​ന്ന്​ ഖത്തര്‍ പരീക്ഷ

ദോ​ഹ: 2022ല്‍ ​ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ അ​ര​ങ്ങൊ​രു​ക്കു​ന്ന നാ​ട്ടി​ല്‍ യോ​ഗ്യ​ത റൗ​ണ്ട്​ മ​ത്സ​ര​ത്തി​ന്​ ഇ​ന്ത്യ ഇ​റ​ങ്ങു​ന്നു. ഗ്രൂ​പ്​ ഇ​യി​ലെ ര​ണ്ടാം പോ​രാ​ട്ട​ത്തി​ല്‍ ഏ​ഷ്യ​ന്‍ ചാ​മ്ബ്യ​ന്മാ​രാ​യ ഖ​ത്ത​റാ​ണ്​ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍. ചൊ​വ്വാ​ഴ്​​ച ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി പ​ത്തു മ​ണി​ക്കാ​ണ്​ കി​ക്കോ​ഫ്.

മു​ന്‍​തൂ​ക്കം ഖ​ത്ത​റി​ന്​
ലോ​ക റാ​ങ്കി​ങ്ങി​ല്‍ 103ാം സ്ഥാ​ന​ക്കാ​രാ​ണ് ഇന്ത്യ. ഖ​ത്ത​ര്‍ 62ാം റാ​ങ്കു​കാ​രാ​ണെ​ങ്കി​ലും നി​ല​വി​ലെ വ​ന്‍​ക​ര ചാ​മ്ബ്യ​ന്മാ​രെ​ന്ന പ​കി​ട്ടു​ണ്ട്. മി​ക​ച്ച ഫോ​മി​ലു​ള്ള ഖ​ത്ത​ര്‍ ആ​ദ്യ ക​ളി​യി​ല്‍ അ​ഫ്​​ഗാ​നി​സ്​​താ​നെ 6-0ത്തി​ന്​ ത​ക​ര്‍​ത്താ​ണ്​ തു​ട​ങ്ങി​യ​ത്. ഇ​ന്ത്യ​യാ​വ​​ട്ടെ ഒ​മാ​നെ​തി​രെ 1-0ത്തി​ന്​ മു​ന്നി​ട്ടു​നി​ന്ന ശേ​ഷം 2-1ന്​ ​തോ​ല്‍​വി വ​ഴ​ങ്ങി​യി​രു​ന്നു.ഖ​ത്ത​റി​നോ​ട്​ ഇ​തു​വ​രെ ജ​യി​ക്കാ​ന്‍ ഇ​ന്ത്യ​ക്കാ​യി​ട്ടി​ല്ല. മു​മ്ബ്​ നാ​ലു ത​വ​ണ​യാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ഔ​ദ്യോ​ഗി​ക​മാ​യി പ​ര​സ്​​പ​രം മ​ത്സ​രി​ച്ച​ത്​. ഇ​തി​ല്‍ മൂ​ന്നു ത​വ​ണ​യും വി​ജ​യം ഖ​ത്ത​റി​െ​നാ​പ്പ​മാ​യി​രു​ന്നു. ഒ​രു ക​ളി സ​മ​നി​ല​യി​ലാ​യി.ഇ​രു​നി​ര​യും അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ​ത്​ 2007ലാ​ണ്. അ​ന്ന്​ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ല്‍ ഖ​ത്ത​ര്‍ 6-0ത്തി​ന്​ ഇ​ന്ത്യ​യെ ത​ക​ര്‍​ത്തി​രു​ന്നു. 2011ല്‍ ​സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഖ​ത്ത​റി​നെ 1-0ത്തി​ന്​ തോ​ല്‍​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​ല്‍ കൂ​ടു​ത​ല്‍ പ​ക​ര​ക്കാ​രെ ഇ​ന്ത്യ ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ ഈ ​മ​ത്സ​രം ഔ​ദ്യോ​ഗി​ക​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല.

പു​തി​യ കോ​ച്ച്‌, പു​തി​യ ഇ​ന്ത്യ
ക്രൊ​യേ​ഷ്യ​ക്കാ​ര​ന്‍ ഇ​ഗോ​ര്‍ സ്​​റ്റി​മാ​കി​​െന്‍റ പ​രി​ശീ​ല​ന​ത്തി​ല്‍ മു​ഖം​മാ​റി​യ ഇ​ന്ത്യ​യാ​ണി​പ്പോ​ള്‍ ക​ള​ത്തി​ല്‍. പ​ന്ത്​ കൂ​ടു​ത​ല്‍ സ​മ​യം കൈ​വ​ശം​വെ​ച്ചും പാ​സി​ങ്​ ഗെ​യിം കെ​ട്ട​ഴി​ച്ചും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ്​ ടീ​മി​​െന്‍റ ക​ളി. ക​രു​ത്തു​റ്റ എ​തി​രാ​ളി​ക​ള്‍​ക്കെ​തി​രെ​യും ഈ ​രീ​തി പി​ന്തു​ട​രാ​നാ​ണ്​ കോ​ച്ചി​​െന്‍റ നി​ര്‍​ദേ​ശം. ഒ​മാ​നെ​തി​രെ​യും ഇ​തേ ക​ളി ക​ളി​ച്ചാ​ണ്​ ടീം ​മു​ന്‍​തൂ​ക്കം നേ​ടി​യ​ത്. എ​ന്നാ​ല്‍, അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ അ​ശ്ര​ദ്ധ തോ​ല്‍​വി​ക്ക്​ കാ​ര​ണ​മാ​യി.

കൂ​ടു​ത​ല്‍ ക​രു​ത്ത​രാ​യ ഖ​ത്ത​റി​നെ​തി​രെ എ​ത്ര​മാ​ത്രം ഈ ​ക​ളി​ശൈ​ലി പി​ന്തു​ട​രാ​നാ​വും എ​ന്ന​താ​വും നി​ര്‍​ണാ​യ​കം. സ​മീ​പ കാ​ല​ത്ത്​ ഏ​റെ മെ​ച്ച​പ്പെ​ട്ട ഖ​ത്ത​ര്‍ അ​ടി​മു​ടി മി​ക​ച്ച ടീ​മാ​ണ്. മ​ധ്യ​നി​ര​യി​ല്‍ അ​ക്രം അ​ഫീ​ഫും മു​ന്‍​നി​ര​യി​ല്‍ ഗോ​ള​ടി​വീ​ര​ന്‍ അ​​ല്‍​മോ​യി​സ്​ അ​ലി​യും ഏ​ത്​ പ്ര​തി​രോ​ധ​വും ത​ക​ര്‍​ക്കാ​ന്‍ കൊ​ല്‍​പു​ള്ള​വ​ര്‍. ഇ​വ​രെ സ​ന്ദേ​ശ്​ ജി​ങ്കാ​നും സം​ഘ​വും എ​ങ്ങ​നെ പൂ​ട്ടു​ന്നു​വെ​ന്ന​താ​വും ഗ​തി നി​ര്‍​ണ​യി​ക്കു​ക.

സ​ഹ​ലും അ​ന​സുംഇ​റ​ങ്ങു​മോ?
സ്​​റ്റി​മാ​കി​​െന്‍റ ഇ​ഷ്​​ട​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യാ​ണ്​ മ​ധ്യ​നി​ര​യി​ലെ പു​തി​യ ക​ണ്ടു​പി​ടി​ത്ത​മാ​യ മ​ല​യാ​ളി പ്ലേ​മേ​ക്ക​ര്‍ സ​ഹ​ല്‍ അ​ബ്​​ദു​സ്സ​മ​ദ്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍, ഒ​മാ​നെ​തി​രെ സ​ഹ​ലി​ന്​ പ​ക​ര​ക്കാ​ര​നാ​യി പോ​ലും അ​വ​സ​രം ല​ഭി​ച്ചി​ല്ല. പ​ക​രം ക​ളി​ച്ച ​ബ്ര​ണ്ട​ന്‍ ഫെ​ര്‍​ണാ​ണ്ട​സ്​ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്​​തു. കോ​ച്ചി​​െന്‍റ നി​ര്‍​ബ​ന്ധ​പ്ര​​കാ​രം വി​ര​മി​ക്ക​ല്‍ റ​ദ്ദാ​ക്കി തി​രി​ച്ചെ​ത്തി​യ മ​റ്റൊ​രു മ​ല​യാ​ളി താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക​ക്ക്​ പ​​ക്ഷേ, ഇ​തു​വ​രെ പ്ര​തി​രോ​ധ​നി​ര മ​ധ്യ​ത്തി​ലെ സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​നാ​യി​ട്ടി​ല്ല. പ​ക​രം ഡി​ഫ​ന്‍​സീ​വ്​ മി​ഡ്​​ഫീ​ല്‍​ഡി​ല്‍​നി​ന്ന്​ കൊ​ണ്ടു​വ​ന്ന ആ​ദി​ല്‍ ഖാ​നാ​ണ്​ സ്​​റ്റി​മാ​ക്​ ജി​ങ്കാ​നൊ​പ്പം പ്ര​തി​രോ​ധ മ​ധ്യ​ത്തി​ല്‍ അ​വ​സ​രം ന​ല്‍​കു​ന്ന​ത്.

ഛേത്രി സംശയം
ക്യാ​പ്​​റ്റ​ന്‍ സു​നി​ല്‍ ഛേത്രി​ ഖത്തറിനെതിരെ ഇറങ്ങുന്ന കാര്യം സംശയത്തിലാണ്​. എന്താണ്​ പരിക്കെന്ന്​ വ്യക്​തമല്ലെങ്കിലും ഛേത്രി ദോഹയിലെത്തിയ ശേഷം പരിശീലനത്തിനിറങ്ങിയിട്ടില്ല. ഒ​മാ​നെ​തി​രെ ക​ളി​ച്ച ടീ​മി​ല്‍ കാ​ര്യ​മാ​യ അ​ഴി​ച്ചു​പ​ണി ഉ​ണ്ടാ​യേ​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ്​ സ്​​റ്റി​മാ​ക്​ ന​ല്‍​കി​യ​ത്. ‘ഖ​ത്ത​ര്‍ ഗ്രൂ​പ്പി​ലെ ക​രു​ത്തു​റ്റ ടീ​മാ​ണ്. എ​ന്നാ​ലും ഞ​ങ്ങ​ള്‍ പൊ​രു​തും. ടീ​മി​ന്​ പ​ല​തും പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. പേ​ടി​ക്കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല. ന​ല്ല ക​ളി കാ​ഴ്​​ച​വെ​ച്ച്‌​ സ്​​കോ​ര്‍ ചെ​യ്യാ​നാ​വും ഇ​ന്ത്യ​യു​ടെ ശ്ര​മം. ടീ​മി​ല്‍ നാ​ലോ അ​ഞ്ചോ മാ​റ്റം പ്ര​തീ​ക്ഷി​ക്കാം’ -സ്​​റ്റി​മാ​ക്​ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami